ഡോമാച്ചി!!!

Malayalam blog for fun, nostalgia, musings, and time pass!

Tuesday, January 24, 2012

ഒരു പുതിയ അച്ചന്‍!

കുട്ടപ്പായിയും അമ്മയും നല്ല ഉറക്കത്തിലാണ് .  എനിക്ക് എഴുതാനുള്ള മൂടാണ്‌  :-)
അവന്‍ നീന്താന്‍ തുടങ്ങിയിരിക്കുന്നു. അവന്റെ ചിരിയും കരച്ചിലും, പുതിയ പുതിയ ഭാവഭേദങ്ങളും മനസ്സില്‍ തോന്നിപ്പിക്കുന്ന സന്തോഷം അനുഭവിച്ചാല്‍ മാത്രം മനസിലാവുന്ന ഒന്നാണ്! അച്ചന്‍... ഹാ, എത്ര മനോഹരമായ അനുഭവം!
അവന്‍ വരുന്നു എന്നറിഞ്ഞത് മുതല്‍, ഇതാ ഇന്ന് വരെ, അവന്റെ വളര്‍ച്ചയുടെ ഓരോ നിമിഷവും എന്റെ മനസ്സിലുണ്ട്. ഇങ്ങനെ തന്നെ ആയിരുന്നിരിക്കില്ലേ പപ്പയ്ക്കും?
പാമ്സിന്റെ ഉറക്കം പല ഘട്ടങ്ങളായിട്ടാണ്. എങ്കിലും രാവിലെ ഞാന്‍ എഴുന്നേല്‍ക്കുന്നതിനു മുന്‍പേ ഏല്‍ക്കും! അവള്‍ വെള്ളം കുടിക്കാന്‍ മറന്നു പോകും, എങ്കിലും ഇത് വരെ കുട്ടപ്പായിക്ക് പാല് കൊടുക്കാന്‍ മറന്നിട്ടില്ല. അവള്‍ fragile ആണ്, എന്നാല്‍ അവളെന്ന അമ്മയുടെ മുന്‍പില്‍ ഞാന്‍ ഒന്നുമല്ല!

"നീ ഇത് നിന്റെ ഡയറിയില്‍ കുറിച്ചിട്ടോ, ഒരിക്കല്‍ നിനക്ക് മനസ്സിലാകും!"
ഞങ്ങളുടെ തര്‍ക്കങ്ങളില്‍ ചാച്ചന്റെ അവസാന പ്രയോഗമായിരുന്നു ഇത്. ഇന്ന് ഞാന്‍ മനസിലാക്കുന്നു, പണ്ടു ചാച്ചന്‍ പറഞ്ഞതിന്റെ അര്‍ത്ഥം... 
ഞങ്ങളില്‍ ആരായിരുന്നു ശരി എന്നതായിരുന്നില്ല പ്രസക്തം; ഞാനാണ് ശരിയെന്നു ധരിച്ചു ഞാന്‍ പറഞ്ഞു പോയ വാക്കുകള്‍ ചാച്ചനില്‍ ഏല്‍പ്പിച്ച മുറിവുകളുടെ ആഴമാണ് എനിക്കിന്ന് മനസിലാവുന്നത്. പലപ്പോഴും ഒരു തര്‍ക്കം ജയിക്കാന്‍ നമ്മള്‍ പറയുന്ന വാക്കുകള്‍ നമ്മുടെ പ്രിയപ്പെട്ടവരില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ നമുക്ക് എങ്ങനെ ശമിപ്പിക്കാനാവും?
ഞാന്‍ ഇപ്പോഴേ തയ്യാറെടുക്കുകയാണ്; എന്റെ കുട്ടപ്പായി അവന്റെ തര്‍ക്കം ജയിക്കാന്‍ എന്നോടു പറയുന്ന വാക്കുകളെ നേരിടാന്‍! 

Labels:

Monday, August 8, 2011

Happy Friendship Day!

ഒരു ജൂലൈ മാസത്തിലായിരുന്നു അത്‌; മഞ്ഞും, തണുപ്പും, തെയിലത്തോട്ടവും, പൈന്‍ കാടുമുള്ള മനോഹരിയായ കുട്ടിക്കാനത്തെ, ഞങ്ങളുടെ സ്വന്തം മരിയന്‍ കോളേജില്‍, എണ്റ്റെ ആദ്യ ദിവസം!ചെറിയ ചാറ്റല്‍ മഴയില്‍ വലിയ കാലന്‍ കുടയും ചൂടി വരുന്ന പെണ്‍കുട്ടികള്‍ കാണണ്ട ഒരു കാഴ്ച്ച തന്നെയാണ്‌.

ചുവന്ന നിറത്തില്‍ ഒരു വന്‍കിട ഹോട്ടല്‍ പോലെ തോന്നിക്കുന്ന സുന്ദരമായ ഈ കോളേജില്‍ പഠിക്കണമെന്ന്‌ ആദ്യം തോന്നിയത്‌ രണ്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഇവിടുത്തെ പ്രധാനാധ്യാപകനായ റോയിയച്ചനെ കാണാന്‍ ബിജു ചേട്ടായിയുടെ കൂടെ വന്നപ്പോഴാണ്‌. പ്രീഡിഗ്രി കാലത്തെ വിശേഷിച്ച പഠനം അവശേഷിപ്പിച്ചതു വെറും ൬൦% മാര്‍ക്ക്‌ ആയിരുന്നിട്ടു കൂടി ഇവിടെ അഡ്മിഷന്‍ കിട്ടിയതു ഞങ്ങളുടെ പാവം ഇടവക വികാരി സേവ്യര്‍ കൂടപ്പുഴയച്ചന്‍ കാരണമാണ്‌. അല്ലെങ്കിലും ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ നേടിയിട്ടുണ്ടെങ്കില്‍ അത്‌ ആരുടെയെങ്കിലും സന്‍മനസ്സു കൊണ്ടാണ്‌. അറിയാതെ തോന്നുന്ന അഹങ്കാരം അതൊന്നും ഓര്‍ക്കാറില്ല എന്നു മാത്രം.


വര്‍ഷം 11 കഴിഞ്ഞിട്ടും, ഇപ്പോഴും ഒപ്പമുള്ള ഒരുപാട്‌ സൌഹൃദങ്ങള്‍ ലഭിച്ചത്‌ അവിടെ നിന്നാണ്‌.


ഏന്നാണ്‌ ഞങ്ങള്‍ ഒരുമിച്ചിരുന്ന്‌ സംസാരിച്ചതെന്ന്‌ ഓര്‍മയില്ല! ഞാനും, സുജിയും, എബിയും, അപ്പിയും, പിന്നെ ശ്രീയും.

കാഞ്ഞിരപ്പള്ളിയില്‍ നിന്നും വരുന്ന പത്രാസുകാരന്‍ അച്ചായനായിട്ടാണ്‌ അതിനു മുന്‍പു വരെ അവരെന്നെ കണ്ടിരുന്നതെന്ന്‌ അന്നാണ്‌ എനിക്കു മനസ്സിലായത്‌. ആരോടും സംസാരത്തിനു നില്‍ക്കാതെ, ഒന്നാം ബഞ്ചില്‍ ക്ളാസിലെ പുലിയായ തയ്യിലിണ്റ്റെ ഒപ്പമിരുന്ന്‌ നോട്ടുകള്‍ കുത്തുിക്കുറിക്കുന്ന ചെറുക്കന്‍ ഒരു പാവമാണെന്നു വിചാരിക്കാന്‍ ഒരു കാരണവും ഞാന്‍ അവര്‍ക്ക്‌ നല്‍കിയിരുന്നില്ല എന്നതാണ്‌ ശരി. എന്നിട്ടും, എപ്പൊഴോ ഞങ്ങള്‍ ഒരുമിച്ചിരുന്നു... സംസാരിച്ചു... ഒരുപാടൊരുപാട്‌..


അവരോടൊന്നും ഞാന്‍ സംസാരിക്കാതിരുന്നതിനു കാരണം റോയി അച്ചനാണെന്ന്‌ പറഞ്ഞാല്‍ അതു മുഴുവനും ശരിയല്ല, എന്നാല്‍ അതില്‍ പാതി ശരിയാണ്‌ താനും. അഡ്മിഷനോടൊപ്പം ഒരു ഉപദേശവും അച്ചന്‍ തന്നിരുന്നു.

"ഇവിടെ ജോയിന്‍ ചെയ്തവരില്‍ ഏറ്റവും പുറകിലാണ്‌ നീ.

അവരുടെ ഒപ്പം നില്‍ക്കണമെങ്കില്‍ നന്നായി പഠിക്കുക തന്നെ വേണം!"

അന്വേഷിച്ചപ്പോള്‍ എല്ലാവരും പുലികളാണ്‌. എണ്‍പതുകളില്‍ തുടങ്ങി തൊണ്ണൂറുകളില്‍ അവസാനിക്കുന്ന മാര്‍ക്കുകാര്‍ക്ക്‌ മുന്‍പില്‍ മലയാളം എന്ന ഭാഷയുടെ ബലത്തില്‍ മാത്രം ൬൦ ശതമാനം കിട്ടിയവന്‍ ഒരു അപകര്‍ഷതാ ബോധത്തിണ്റ്റെ പിടിയില്‍ അകപ്പെട്ടു പോവുകയായിരുന്നു.


ഇതൊക്കിയായിട്ടും, ഞങ്ങള്‍ ഒരുമിച്ചിരുന്നു സംസാരിച്ചു തുടങ്ങി. computer-നെ പറ്റി... ജോലി സാധ്യതയെ പറ്റി... recession-നെ പറ്റി... കോളേജില്‍ ചേരാന്‍ കൊടുത്ത donation-നെ പറ്റി... ഇവിടെ വരെ എത്തിയതിനെ പറ്റി... കുടുംബത്തെ പറ്റി... ആരോടും പറയാതെ ചേര്‍ത്ത്‌ പിടിച്ചിരുന്ന സ്വകാര്യ പ്രശ്നങ്ങളെ പറ്റി.. ആരെങ്കിലുമൊക്കെയാവണമെന്ന്‌ ഞങ്ങള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു..


ഒരുമിച്ചയിരുന്നു, എല്ലത്തിനും... ശ്രീക്കുട്ടനെ കയറ്റാതെ പോയ ബസ്സ്‌ തടയാനും.. മാനേജ്മെണ്റ്റിനെതിരെ കരിങ്കൊടി കുത്താനും... അവസാന വര്‍ഷ വിനോദയാത്ര സംഘടിപ്പിക്കാനും... അങ്ങനെ ഒരുപാട്‌ ഒരുപാട്‌ ഓര്‍മകള്‍... സംഗതികള്‍ ഒന്നുമില്ലെങ്കിലും അത്യാവശ്യം പാടുമായിരുന്നെതിനാല്‍ കോളേജില്‍ എനിക്കൊരു പേരുണ്ട്‌ എന്ന ധാരണയിലാണ്‌ എന്നെ പിടിച്ച്‌ ലവന്‍മാര്‍ BCA-യുടെ chairmain candidate ആക്കിയത്‌. അവസാനം, ശ്രീക്കുട്ടണ്റ്റെ കണ്ണീരു വീഴ്ത്തി ഞങ്ങള്‍ എണ്റ്റെ തോല്‍വി ആഘോഷിച്ചു.


സുജി എന്നെ ഏറ്റവിമധികം സ്വാധീനിച്ചിട്ടുള്ള എണ്റ്റെ സുഹൃത്താണ്‌. അവണ്റ്റെ ചിന്തകളും എന്നെക്കുറിച്ചുള്ള പ്രവചനങ്ങളും മിക്കപ്പോഴും സത്യമാണെന്നു എനുക്കു തോന്നിയിട്ടുണ്ട്‌. അവന്‍ പറഞ്ഞ ഒരു രഹസ്യം പറയാം; ആരോടെങ്കിലും അര മണിക്കൂറ്‍ സംസാരിച്ചാല്‍, അയാള്‍ പാവമാണെന്ന്‌ എനിക്കു തോന്നുമത്രെ!"

വക്കംപാപ്പന്‍, അപ്പാണ്ടി, സോണിമോന്‍, പിന്നെ എബിയും..." അങ്ങനെയാണ്‌ പപ്പ എബിയെ കളിയാക്കുന്നത്‌. ഇവന്‍ എണ്റ്റെ പ്രിയ സുഹൃത്ത്‌! എന്നെ മനസിലാക്കുന്ന, എനിക്കു മനസ്സിലാവുന്ന എണ്റ്റെ സുഹൃത്ത്‌! ദൈവം അനുഗൃഹിച്ചു ഇപ്പൊഴും ഒരു വിളിപ്പാടകലെ അവനുണ്ട്‌.

ശ്രീ.. ഞാന്‍ ഇലക്ഷന്‍ തോറ്റപ്പോള്‍ എനിക്ക്‌ വേണ്ടി കരഞ്ഞവന്‍. എന്നെ ഏറ്റവും കളിയാക്കുകയും, എന്നാല്‍ എന്നോട്‌ കലിപ്പിക്കുന്നവരോട്‌ ഉരസാനും മടിക്കാത്ത, പച്ചയായ കൂട്ടുകാരന്‍!

അപ്പി... ഞങ്ങളുടെ കൂട്ടത്തില്‍ ഒരു ലക്ഷ്യബോധമുണ്ടായിരുന്നവന്‍! കുറെ കഷ്ടപ്പാടുകള്‍ സഹിച്ചിട്ടാണെങ്കിലും അവന്‍ ഇന്നു സുഖമായി ഭാര്യയും പുത്രനുമൊപ്പം ജീവിക്കുന്നു.

കോളേജില്‍ ഞങ്ങളുടെ ഗാങ്ങില്‍ ഇല്ലായിരുന്നെകിലും, പിന്നീടു ഞങ്ങളുടെ എല്ലാം "what a man!" ആയി മാറിയ പ്രിയപ്പെട്ട റോമി! ഞങ്ങള്‍ ഒരുമിച്ചായിരുന്നു കുറെ വര്‍ഷങ്ങള്‍, കൊച്ചിയില്‍! ൧൦൦൦km തികച്ച്‌ ഓടിയിട്ടില്ലാത്ത പുതിയ കാര്‍ എണ്റ്റെ കല്യാണ ഓട്ടത്തിനു വിട്ടു തന്ന നിസ്വാര്‍ത്ഥനായ സുഹ്രുത്ത്‌. അല്‍പം അഹങ്കാരത്തോടെ ചോദിക്കട്ടെ...

"നിങ്ങള്‍ക്കു ഇതു പോലെ എത്ര പേരുണ്ട്‌?"

ദൈവം എനിക്ക്‌ തന്ന, എന്നാല്‍ ഞാന്‍ അദ്ദേഹത്തിനു ഒരിക്കലും തിരികെ കൊടുക്കില്ലാത്തെ ഏറ്റവും വലിയ സമ്മാനങ്ങള്‍, ഈ സുഹൃത്തുക്കള്‍...

അവര്‍ക്കും, അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി ഈ freindship day ഞാന്‍ സമര്‍പ്പിക്കട്ടെ!

Labels:

Wednesday, August 25, 2010

ബാംഗ്ളൂരിൽ നിന്ന് ഒരു ഡ്രൈവിങ്ങ് ലൈസൻസ് (D.L)

ഇന്നു എന്തു വന്നാലും D.L ടെസ്റ്റ് എടുക്കുമെന്ന ദൃഢനിശ്ചയത്തിൽ പാംസിനേയും (എന്റെ സ്വന്തം ഭാര്യ) കൂട്ടി ഞങ്ങളുടെ സ്വന്തം കാറിൽ ജയ്നഗർ R.T.O ലക്ഷ്യമാക്കി ഉരുളുമ്പോഴാണ്‌ ഡ്രൈവിങ്ങ് സ്കൂൾ മാഷ് ശ്രീനിവാസന്റെ ഫോൺ വന്നത്.

"Sir. Please don't come today. I couldn't get a two wheeler for you. I'm sorry. I can arrange for one this Tuesday."

കഴിഞ്ഞ ചൊവ്വാഴ്ച്ചയും ഞാൻ ഇതു കേട്ടതാണ്‌. ഞാനാരാ മോൻ!

"Srinivas, It's OK. I've arranged for one. You just come there and do whatever you should be doing and get me the D.L without delay."
"Sir, you have taken the money, right?"
"Oh! Yes"

അങ്ങനെ ശ്രീനിവാസ് ഹാപ്പിയായി, ഞാനും. വേറെ പോസ്റ്റുകൾ ഒന്നും ഇല്ലല്ലോ!

പറഞ്ഞതു പോലെ രാമൻ സമയത്തു തന്നെ എത്തി.
അവന്റേത് TVS Apache ആണ്‌. 150 CC.

പാവം കൈനറ്റിക്ക് മാത്രം ഓടിച്ചിടുള്ള ഞാൻ എന്തു ചെയ്യും എന്റെ കർത്താവേ! അര മണിക്കൂറിനുള്ളിൽ D.L ടെസ്റ്റ് ആണ്‌. ഇൻസ്പെക്ടർ വരുമ്പോൾ ചക്രം ഉരുട്ടി തുടങ്ങാൻ പോലും അറിയില്ലാ എന്നു വന്നാൽ മാനം പോകും. തലയിൽ ഇടാൻ ഒരു മുണ്ടു പോലും ഇല്ല.

ഒരു “എത്രയും ദയയുള്ള മാതാവേ” ചൊല്ലി വണ്ടിയിൽ കയറി.
എങ്ങനെ ആണ്‌ അതു പ്രവർത്തിപ്പിക്കെണ്ടത് എന്നു രാമൻ പറഞ്ഞു തന്നു.

quick start അമർത്തി അല്പം accelerate ചെയ്തപ്പോൾ അത് കട കട ഒച്ച ഉണ്ടാക്കിക്കൊണ്ട് ഉണർന്നു. clutch അമർത്തി first ഗിയറിൽ ഇട്ടു. പതിയെ clutch release ചെയ്യാൻ രാമൻ പറഞ്ഞത് ഞാൻ അതേ പടി അനുസരിച്ചു.

Praise the Lord! വണ്ടി ഇതാ മുന്നോട്ട് പോകുന്നു!
ആ പാർക്കിനു ചുറ്റും ഒന്ന് വലം വച്ചു ഞാൻ രാമന്റെ പക്കൽ തിരിച്ചെത്തുക എന്നതാണ്‌ എന്റെ ദൗത്യം. ഓരോ വളവുകളും ഞാൻ വളയ്ക്കുന്നത് ഞാൻ തന്നെ മാറി നിന്നു കണ്ടാൽ പേടിച്ചു മുള്ളും. എങ്ങനെയോ നാലു വളവുകളും എടുത്തു വണ്ടി ഞാൻ രാമന്റെ മുൻപിൽ കൊണ്ടു വന്നു.

ക്ണേം!

വണ്ടിയും ഞാനും അര മണ്ഢലത്തിൽ!

"What happenned?"
"I've used only scooter na! Pressed the cluch and front berak, but forgot about the foot break!"
"It's very risky man! Anyways, you did well. Just need to practise breaking."
"It's all about confidence, Rama. Let me go another round and we will be good."

രാമന്റെ മുഖത്ത് കണ്ടത് ഒരു അസൂയ കലർന്ന പുഞ്ചിരിയോ അതോ, ചെറിയ ഒരു പുച്ഛമോ?

ഇത്തവണയും വണ്ടി എടുത്തതു പിഴച്ചില്ല. മൂന്നു വളവുകളും അധികം തെറ്റില്ലാതെ എടുത്തു. നാലാമൻ വന്നപ്പോൾ ഒരു സംശയം, ഗിയർ ഒന്ന് down ചെയ്യണോ? ക്ലച്ച് പിടിച്ചതും, വളവിലായിപ്പോയി. കാൽ ഒന്നു പരതിയിട്ടും ഗിയർ കിട്ടുന്നില്ല! വണ്ടി മലയാറ്റൂർ മല വലം വയ്ക്കുന്ന പോലെ വളയുന്നു. കണ്മുന്നിൽ ഒരു വെളുത്ത Ritz ചീറിപ്പാഞ്ഞു വരുന്നു. ഡ്രൈവിങ്ങ് സീറ്റിൽ ഇരിക്കുന്ന മനുഷ്യൻ ഭയത്തോടെ എന്റെ മുഖത്തേയ്ക്ക് നോക്കുന്നു!

“ഈശ്വരാ, ഭഗവാനേ! Drive Safe പരസ്യങ്ങളിൽ സ്ളോ മോഷനിൽ കാണിക്കുന്ന മറ്റൊരു ഭീകര അപകടമാണോ ഇത്! അയാളും ഒരു learner ആണോ?”

സകല ശക്തിയുമെടുത്ത് ഞാൻ ബ്രേക്കിൽ ചവട്ടി. Ritz എന്റെ ഇടതു വശത്തു കൂടെ പോയി പുറകിൽ വന്നു നിന്നു. അതിനുള്ളിൽ നിന്ന് അറിഞ്ഞു കൂടാത്ത ഭാഷയിൽ എന്തൊക്കെയോ ഞാൻ കേട്ടു. ഞാൻ താഴ്മയോടെ കൈ കൂപ്പി. “മാപ്പ് ഗോപിയേട്ടാ, ഒരായിരം മാപ്പ്!”

ഞാൻ രാമന്റെ മുഖത്ത് നോക്കി. വർണ്ണിക്കാനാവാത്ത ഏതോ ഒരു വികാരം. അപ്പോഴൊരു ഫോട്ടോ എടുത്തിരുന്നെങ്കിൽ ഒരു മോഡേൺ ആർട്ട് കിട്ടിയേനേ!

പാംസ് മൂകയായി പോയോ എന്തോ! വാ പൊളിഞ്ഞ പടി ഇരിക്കുന്നു. ഒരു “ശൂ” പോലും കേൾക്കുന്നുമില്ല!

അന്നു കിട്ടിയ മൊത്തം പണികൾക്ക് ഇതു നല്ലൊരു തുടക്കമായിരുന്നു!
ബാക്കി നാളെ പറയാം. കുറച്ചു അധികമുണ്ടേ! :)

Labels: